• FEATURED POSTS
  • LATEST POSTS
  • SERVICES
Header Ads

ഒരു അയ്യപ്പനിസ്റ്റിന്റെ സ്നേഹക്കുറിപ്പ്... ഭാഗം -3 | Balyakaalasakhi

ഒരു അയ്യപ്പനിസ്റ്റിന്റെ സ്നേഹക്കുറിപ്പ്...ഭാഗം -3

നിങ്ങൾക്കും എഴുതാം Click Here...

ഭാഗം 1 വായിക്കാം Click Here...  

ഭാഗം 2 വായിക്കാം Click Here...




ചിലപ്പോഴൊക്കെ അയാൾ "ഞാൻ കൃത്യമല്ലാത്ത ജീവിതം നയിക്കുന്നു എന്ന് പറയാൻ നിങ്ങളാരാണ്?" എന്ന് മറുചോദ്യം എറിഞ്ഞ് എതിർവായകൾ അടപ്പിച്ച ഓരൊന്നാന്തരം വിപ്ലവകാരിയായി..."കരളു പങ്കിടാൻ വയ്യെന്റെ പ്രണയമേ , പകുതിയും കൊണ്ട് പോയി ലഹരിയുടെ പക്ഷികൾ" എന്ന് എഴുതിയ കാമുകനായി...." പുലയാടി മക്കൾക്ക് പുലയാണ് പോലും, പുലയന്റെ മകനോട് പുലയാണ് പോലും " എന്ന് ശബ്ദമുയർത്തി അടിച്ചമർത്തപ്പെട്ടവരുടെ കാവലാളായി..."ഉടുക്കുകൊട്ടി പാടി തളര്‍ന്നൊരെന്‍ മനസ്സൊരല്‍പ്പം ശക്തിയില്‍ വീശും കൊടുങ്കാറ്റിന്‍ രുദ്രമാം മുഖം മറന്നൊരല്‍പ്പം ശാന്തമാകട്ടെ.. ശാന്തമാകട്ടെ മനസ്സൊരല്‍പ്പം സാന്ത്വനത്തിൻ രുചിയറിയട്ടെ" എന്ന് പാടുന്ന വിഷാദിയായ മനുഷ്യനായി.... അങ്ങനെ എത്രയെത്ര മുഖങ്ങൾ...എത്രയെത്ര നിമിഷങ്ങൾ....ഒടുവിൽ "ഞാന്‍ കാട്ടിലും കടലോരത്തുമിരുന്ന് കവിതയെഴുതുന്നു സ്വന്തമായൊരു മുറിയില്ലാത്തവന്‍ എന്റെ കാട്ടാറിന്റെ അടുത്തു വന്നു നിന്നവര്‍ക്കും ശത്രുവിനും സഖാവിനും സമകാലീന ദുഃഖിതര്‍ക്കും ഞാനിത് പങ്കുവെയ്ക്കുന്നു" എന്ന് കുറിച്ച് ഭൂമിയിൽ ഇടമില്ലാത്തവരുടെയൊക്കെ ദൂതനായി.... അയ്യപ്പനൊരു ഇന്ദ്രജാലം പഠിച്ചിരുന്നു എന്ന് വിശ്വസിക്കാനാണ് ആസ്വാദകയായ എനിക്ക് ഇഷ്ടം....ആ ഇന്ദ്രജാലം കൊണ്ടത്രേ വായനക്കാരനെ അയ്യപ്പൻ ചിന്തിപ്പിച്ചത്...തന്നോട് ചേർത്തത്....ഇത്രയും വായനക്കാരുടെ ഒരേയൊരു സ്നേഹനിധിയായ കവിയായിട്ടും എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് നിന്ന് അയാൾ എല്ലാവരെയും സ്നേഹിച്ചു...ആരേയും പ്രത്യേകമായി സ്നേഹിച്ചില്ല...അടുപ്പിച്ചില്ല...ഒടുവിൽ കടത്തിണ്ണയിൽ ആരാലും തിരിച്ചറിയപ്പെടാതെ മരിച്ച് കിടന്ന അയ്യപ്പനെ മോർച്ചറിയിൽ അവസാന നിമിഷമെങ്കിലും തിരിച്ചറിഞ്ഞത് വായനക്കാരനായ ഒരു ഡോക്ടറാണ്...അപ്പോഴും ചുരുട്ടിപ്പിടിച്ച കയ്യിൽ കവിതയൊളിപ്പിച്ചിരുന്നു കവി....അയ്യപ്പൻ അങ്ങനെ ആയിരുന്നു.... സ്നേഹത്തടവറയിലെ ചിത്തരോഗി....മരണം കൊണ്ട് പോലും മായാത്ത ഓർമകൾ സമ്മാനിച്ച് മടങ്ങിയയാൾ...ഒരിക്കൽ അയ്യപ്പൻ ഇങ്ങനെ എഴുതി; "സുഹൃത്തേ, മരണത്തിനപ്പുറവും ഞാൻ ജീവിക്കും അവിടെ ഒരു പൂക്കാലമുണ്ടായിരിക്കും" മരണത്തിനുമപ്പുറമുള്ള ഒരു ലോകത്ത്, നിറയെ പൂക്കളുള്ള ഒരു ഉദ്യാനത്തിൽ , ഒരു കയ്യിൽ ഗ്ലാസിൽ ലഹരിയും മറു കയ്യിൽ പേനയുമായി ഏതെങ്കിലും കവിതയുടെ തുടക്കത്തിലാവും അയ്യപ്പൻ... അങ്ങനെ വിശ്വസിക്കാനാണ് കവിയെ സ്നേഹിക്കുന്നവർക്കുമിഷ്ടം....അതങ്ങനെ തന്നെ ആയിരിക്കട്ടെ....

ആശാദേവി ജെ
ബാല്യകാലസഖി 

0 Comments

 
© 2011 BALYAKAALASAKHI INSTAGRAM
Designed by Blog Thiết Kế Share on: Download Blogger Template
Back to top