• FEATURED POSTS
  • LATEST POSTS
  • SERVICES
Header Ads

ഒരു അയ്യപ്പനിസ്റ്റിന്റെ സ്നേഹക്കുറിപ്പ്... | Balyakaalasakhi

ഒരു അയ്യപ്പനിസ്റ്റിന്റെ സ്നേഹക്കുറിപ്പ്...


ഭാഗം -1 ____________

നിങ്ങൾക്കും എഴുതാം...  Click here..!
 _________________________



അയ്യപ്പൻ....
മലയാള കവിതയുടെ സുവർണ്ണ സിംഹാസനത്തിൽ കാലം കൊളുത്തി വെച്ച പ്രതിഭ....മലയാള കവിതയെ അയ്യപ്പന് മുൻപും അയ്യപ്പന് ശേഷവും എന്ന് പറയുന്നതാവും ഉചിതം..... മുഖാവരങ്ങളണിഞ്ഞ സാഹിത്യമുടി ചൂടാമന്നൻമാരോട് പോയി പണി നോക്കെന്ന് പറയാൻ അയ്യപ്പനോളം ചങ്കുറപ്പ് കാണിച്ച മറ്റാരുമില്ല...കവിത രാജകൊട്ടാരങ്ങളും കോട്ട കൊത്തളങ്ങളും വിട്ട് അയ്യപ്പനൊപ്പം ഇറങ്ങിപ്പോയതിൽ അതിശയിക്കാനില്ല..എല്ലാ ലഹരികൾക്കും ഒപ്പം വിട്ടൊഴിയാത്ത മറ്റൊരു ലഹരിയായി അയ്യപ്പൻ കവിതയെ ചേർത്ത് വെച്ചു. മലയാള കവിതയുടെ മനസറിഞ്ഞ കവിയായി അയ്യപ്പനെപ്പോലെ മറ്റൊരാൾ ഇല്ലെന്ന് നിസംശയം പറയാം... ഒളിച്ചോടിപ്പോയ പെണ്ണിനോട് സമൂഹമെന്ന പോലെ , ഒരു താന്തോന്നിയോടൊപ്പം ഇറങ്ങിച്ചെന്ന അക്ഷരങ്ങളെ വിജ്ഞാന സിംഹങ്ങൾ പഴി പറഞ്ഞു... നാൽക്കവലകളിൽ തരം താഴ്ത്തി....പക്ഷേ വരികൾ അയ്യപ്പനെ തള്ളിയില്ല... പുറംമോടികൾ ഇല്ലാത്ത ആ പച്ച മനുഷ്യനൊപ്പം ജീവിത യാഥാർത്ഥ്യങ്ങൾ തിന്ന് വിശപ്പടക്കി അവൾ വാണു...തെരുവുകളിൽ, നിരത്തുകളിൽ, ജനമധ്യത്തിൽ, മദ്യശാലകളിൽ , സാധാരണക്കാരന്റെ കുടിലുകളിൽ അങ്ങനെ പരിഷ്‌കൃതർ മുഖം തിരിക്കുന്നിടത്തേക്കെല്ലാം അയ്യപ്പനൊപ്പം സഹചാരിയായി കവിത ഇറങ്ങിച്ചെന്നു. നോവുകൾ പകർത്തുന്ന ആ മുഷിഞ്ഞ കടലാസിലേക്ക് ജീവനുള്ള അക്ഷരങ്ങളെ പ്രസവിച്ചു. മഷി മാഞ്ഞു തുടങ്ങിയ ആ ചെറു കടലാസ് കഷ്ണങ്ങൾ പലപ്പോഴും അസ്തിത്വ ദുഃഖം കൊണ്ട് മുറവിളിച്ചു... കലർപ്പില്ലാത്ത സ്നേഹവും , നിഷ്കളങ്കതയും കൊണ്ട് ശുദ്ധി വരുത്തി അയ്യപ്പനതിനെ സുരക്ഷിതമായി വളർത്താൻ ഏൽപ്പിച്ചു...... അക്കാദമികളുടെ മുറ്റത്തേക്ക് അവാർഡുകൾ ഇരന്ന് അയാൾ പോയതേയില്ല.. പുരസ്കാരങ്ങൾ അയാളെ തിരഞ്ഞെത്തുകയാണുണ്ടായത്.... അവയെയാകട്ടെ അയ്യപ്പൻ വിളംബരം ചെയ്‌തുമില്ല...കവിതകൾ അന്വേഷിച്ച് ചെന്ന പ്രസാധകരോട് പണമെണ്ണി വാങ്ങിച്ച കവി താന്തോന്നിയും തെമ്മാടിയും ആഭാസനുമായി... ജീവിതത്തോളം വലിയ വേദനയും, വിശപ്പോളം വലിയ വിലയും ഉള്ള യാതൊന്നും ലോകത്ത് ഉണ്ടായിട്ടേയില്ലെന്ന് അയ്യപ്പൻ മുഖമടച്ച് തിരിച്ചടിച്ചു. കവിതയെ സ്നേഹിക്കുന്നവർ താന്തോന്നിയായ കവിയിലെ യഥാർഥ മനുഷ്യനെ കണ്ട് അയാളോട് ചേർന്നു. തീപ്പന്തങ്ങളുമായി ആക്രമിക്കാൻ എത്തിവരിൽ നിന്ന് അവർ അയാളെ പൊതിഞ്ഞ് പിടിച്ചു. "ഹൃദയത്തിന്റെ സ്ഥാനത്ത് മനോഹരമായ പൂവുള്ള" ആ മനുഷ്യനെ ആസ്വാദകർക്ക് മനസ്സിലായിരുന്നു...അത് മാത്രമേ അയാളും തിരഞ്ഞുള്ളൂ. അകവും പുറവും നനയ്ക്കുന്ന മഴയിൽ, പൊരിവെയിലിൽ , പൂക്കൾ പൊഴിയുന്ന വസന്തത്തിൽ, മരം കോച്ചുന്ന തണുപ്പിലൊക്കെ അയാൾ നഗരത്തിലെ രാജവീഥികൾക്ക് പതിവ് കാഴ്ച്ചയായി.. അബോധത്തിലും ബോധമുള്ളവനായ കവിയെ തലസ്ഥാനം അതിന്റെ ഹൃദയത്തോട് ചേർത്തണച്ചു. "ബുദ്ധാ... ഞാന്‍ ആട്ടിന്‍ കുട്ടി.... കല്ലേറ് കൊണ്ടിട്ടെന്റെ , കണ്ണ് പോയി... നിന്റെ ആല്‍ത്തറ കാണാന്‍ ഒട്ടും വയ്യ..... കൃപാധാമമേ ,ബുദ്ധാ, കാണുവാന്‍ ഒട്ടും വയ്യ.... പ്രഭാതാരവും എന്നെ തെളിച്ച പുല്‍പാതയും . ഇടയന്‍ കുഞ്ഞാടാണല്ലോ ,ഇനി , തുണ നീ മാത്രം ബുദ്ധാ, അലിവിന്നുറവു നീ..." എന്ന് വിലപിച്ച അയ്യപ്പനിലെ സാധാരണക്കാരനെ എല്ലാവരും വായിച്ചറിഞ്ഞു. അനാദിയോളം സ്നേഹത്തിന്റെ പ്രവാചകനാകാൻ നിയോഗിക്കപ്പെട്ട ഒരുവന്റെ ഏറ്റു പറച്ചിലായി അത്... തിരഞ്ഞു ചെന്നയിടത്തു നിന്ന് കിട്ടാത്ത സ്നേഹം അറിയാത്ത മറ്റ് പലരിൽ നിന്നുമാണ് കവിക്ക് ലഭിച്ചത് . " വേനലിനെ സൂര്യകാന്തിയെപ്പോലെ സ്നേഹിച്ചവൻ, കാതില്ലാത്ത ചരിത്രത്തിന് നീ ഒരു നേരം പോക്ക് മാത്രമായിരുന്നു" എന്ന് വാൻഗോഗിനെപ്പറ്റി എഴുതിയത് അയ്യപ്പന്റെ ജീവിതത്തിലും താദാത്മ്യപ്പെടുത്താവുന്നതാണ്.
(തുടരും)

ആശാദേവി ജെ
ബാല്യകാലസഖി


ഭാഗം 2 Click Here... 

0 Comments

 
© 2011 BALYAKAALASAKHI INSTAGRAM
Designed by Blog Thiết Kế Share on: Download Blogger Template
Back to top