• FEATURED POSTS
  • LATEST POSTS
  • SERVICES
Header Ads

ഒരു അയ്യപ്പനിസ്റ്റിന്റെ സ്നേഹക്കുറിപ്പ്... ഭാഗം -2 | Balyakaalasakhi

ഒരു അയ്യപ്പനിസ്റ്റിന്റെ സ്നേഹക്കുറിപ്പ്... 
ഭാഗം -2  
നിങ്ങൾക്കും എഴുതാം Click Here...
ഭാഗം 1 വായിക്കാം Click Here...




സ്നേഹത്തിന്റെ തീക്ഷ്ണതയെ വന്യമായി ചേർത്ത് പിടിച്ചിട്ടും ചുറ്റുമുള്ള വലിയൊരു സമൂഹം അയാളെ ഭ്രാന്തൻ എന്ന് മുദ്രകുത്തി ആട്ടിയൊതുക്കി.നേരം പോക്ക് കഥയിലെ പരിഹാസ പാത്രമാകാൻ അയ്യപ്പൻ വിധിക്കപ്പെട്ടു എന്നതായിരുന്നു സത്യം...ശവപ്പെട്ടി ചുമക്കുന്നവരോട് കുഴി മൂടാതെ തിരിച്ച് പോകാൻ പറഞ്ഞിട്ട് , മുഖത്ത് കൊഴിച്ചിട്ട ഇതളുകളിലൂടെ സ്നേഹത്തിന്റെ പൂവിലേക്ക് തിരിച്ച് പോകാൻ ആഗ്രഹിച്ച ഒരുവനെ കാലം മറ്റെന്ത് വിളിക്കണമെന്നാണല്ലേ! നിൽനിൽക്കുന്ന വ്യവസ്ഥിതമായ പരിതസ്ഥിതികളോട് കലഹിക്കുന്നതിൽ നിന്ന് യാതൊന്നും കവിയെ തടഞ്ഞില്ല...." ഞാൻ പ്രണയത്തേയും കലാപത്തേയും ഒരുപോലെ സ്നേഹിച്ചവനാണ്. പ്രണയം തകർന്നു. കലാപം തുടർന്ന് കൊണ്ടിരിക്കുന്നു" എന്ന് ഒരിക്കൽ ഒരു സംഭാഷണത്തിൽ കവി ഉള്ളു തുറന്നതായി ഓർക്കുന്നു. പൊതു ബോധങ്ങളോട് ചേരാതെ ഒരു ബദലിടം സൃഷ്ടിച്ചു കൊണ്ട് അയ്യപ്പൻ ചോദ്യങ്ങളെ നേരിട്ടു... വിമർശങ്ങൾക്ക് അതീതനായി നിന്ന് കൊണ്ട് തെരുവും അതിന്റെ ആകുലതകളും പകർത്തിയ അഭയാർത്ഥിയായി..ചോര ദാഹിച്ചവരോട് സ്നേഹത്തിന്റെ ഭാഷയിൽ പോരാട്ടത്തിനില്ലെന്ന് പറയാതെ പറഞ്ഞു....മുഷിഞ്ഞ കുപ്പായക്കീശയിൽ അർത്ഥ ഗർഭങ്ങളായ കവിതകളുമായി കട വരാന്തകളിൽ ഇടം പങ്കിട്ടു...... അയാൾ അങ്ങനെ ആയിരുന്നു... കലഹിക്കുന്ന മനുഷ്യൻ...നേരില്ലാത്തതിനെ നേര് കൊണ്ടളന്ന് കുറിക്ക് കൊള്ളുന്ന മറുപടി എറിഞ്ഞയാൾ... കുട്ടികൾക്കൊപ്പം കണ്ടപ്പോഴൊക്കെ അയ്യപ്പൻ കുട്ടിയായിരുന്നു...അവരെ അക്ഷരങ്ങൾ കൊണ്ട് തൊട്ട് വിളിച്ച് കൂടെ നിൽക്കുന്ന കൂട്ടത്തിലെ വയസ് കൊണ്ട് മാത്രം മൂത്തയാൾ.... തള്ളേണ്ടതിനെ തള്ളിയും , കൊള്ളേണ്ടതിനെ കൊണ്ടും അയാൾ ലോകത്തുള്ള തന്റെ സാനിധ്യത്തെ അർത്ഥപൂർണ്ണമാക്കി. ജീവിച്ച് ഉണ്ട് ഉറങ്ങി മരിക്കുന്നതിനുമപ്പുറം ചില ധർമങ്ങൾ ചെയ്യേണ്ടതുണ്ട് എന്ന് ഓർമിപ്പിച്ചു.. അയ്യപ്പന്‍ മരിക്കുമ്പോള്‍ അയാളുടെ കീശയില്‍ അവസാന കവിത ഉണ്ടായിരുന്നു. “അമ്പ് ഏതു നിമിഷത്തിലും മുതുകില്‍ തറക്കാം പ്രാണനും കൊണ്ട് ഓടുകയാണ് വേടന്റെ ക്രൂരത കഴിഞ്ഞു റാന്തല്‍ വിളക്കിനു ചുറ്റും എന്റെ രുചിയോര്‍ത്ത് അഞ്ചെട്ടുപേര്‍ കൊതിയോടെ ഒരു മരവും മറ തന്നില്ല ഒരു പാറയുടെ വാ തുറന്ന് ഈ ഗര്‍ജനം സ്വീകരിക്കൂ.” ഈ കവിതയുടെ അവസാനവരി അവ്യക്തമാണ്. പക്ഷേ അവസാനമായി കുറിച്ചിരിക്കുന്നത് ” ഞാന്‍ ഇരയായി" എന്നാണ് ..സത്യമാണ് ... അയ്യപ്പൻ ഒരു ഇരയാണ്...അനീതിക്കെതിരെ , അവഗണനയ്ക്ക് എതിരെ വാക്ക് കൊണ്ട് വാചാലമാകുന്നവർക്ക് ഒടുക്കം എത്തി ചേരേണ്ടി വരുന്ന അവസ്ഥയെപ്പറ്റി ബോധമുണ്ടായിരുന്ന ഒരു ഇര...
(തുടരും)

ആശാദേവി ജെ
ബാല്യകാലസഖി 

ഭാഗം 3 Click Here...

0 Comments

 
© 2011 BALYAKAALASAKHI INSTAGRAM
Designed by Blog Thiết Kế Share on: Download Blogger Template
Back to top